2021-22 കാലത്ത് പുടവ മാസികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ് ഒറ്റ. 2023ലാണ് പുസ്തക രൂപത്തിൽ ഒറ്റയുടെ ആദ്യ പതിപ്പ് ഇറങ്ങുന്നത്. ഇപ്പോൾ ഇറങ്ങുന്നത് ഒറ്റയുടെ രണ്ടാം പതിപ്പാണ്.
“ജീവിതം നേരിടുന്ന അവിചാരിതമായ പ്രതിസന്ധികളിൽ ആത്മഹത്യയുടെ വക്കോളമെത്തിയ കൃഷ്ണപ്രിയ എന്ന പെൺകുട്ടിയുടെ ജീവനത്തിന്റേയും മാനസിക വ്യവഹാരങ്ങളുടെയും കഥ പറയുകയാണ് ബഹിയ തന്റെ നോവലിലൂടെ. ഇതൊരു മനശ്ശാസ്ത്ര-രാഷ്ട്രീയ-ചരിത്ര നോവൽ കൂടിയാണെന്ന് നിസ്സംശയം പറയാം. കൃഷ്ണപ്രിയയുടെ ആന്തരിക ഭാവങ്ങളെ, അതിന്റെ സങ്കീർണതകളെ, അവൾ നേരിട്ട ശൂന്യതകളെ, അസാധാരണമായ കയ്യടക്കത്തോടെയും രചനാകൗശലത്തോടെയും ആവിഷ്കരിക്കാൻ ബഹിയക്ക് സാധിച്ചിട്ടുണ്ട്. ഭാഷകൊണ്ടും കഥാപാത്രങ്ങളുടെ മിഴിവുകൾ കൊണ്ടും ആഖ്യാനഭംഗി കൊണ്ടും മികച്ചതാണ് ഈ കൃതി.” എന്നാണ് ഒറ്റയെ പി.സുരേന്ദ്രൻ വിലയിരുത്തുന്നത്.