മിസ്റ്റിക് കവിതകളുടെ സമാഹാരം
റൂമിയുടെ വരികളിൽ എന്നപോലെ കവയിത്രിയുടെ സംസാരമാണ് ഈ രചന. അവർ കുഞ്ഞു വരികളിലൂടെ സംസാരിക്കുകയാണ്; രണ്ടു തലത്തിലേക്ക് പരിവർത്തിക്കപ്പെടാവുന്ന വാക്കുകളിലൂടെ… രണ്ടും പ്രണയത്തിന്റേതായ വാക്കുകൾ. മുറിവുകളുടേതായ വാക്കുകൾ. നൊമ്പരങ്ങളുടെയും കൂടിച്ചേരലിന്റെ പ്രതീക്ഷയുടെയും വാക്കുകൾ. വായനക്കാർക്ക് അവയെ ഭൗതിക പ്രണയം എന്ന് വിളിക്കാം. ഈ ഭൂമിയിൽ ഉള്ള ഏതോ ഒരു പ്രണയിക്കുവേണ്ടി കാത്തിരിക്കുന്ന ഒരുവളുടെ ആത്മനൊമ്പരമായി അവയെ വായിക്കാം… പരിഹസിക്കാം… ഭ്രാന്തി എന്നു വിളിക്കാം.
അല്പംകൂടി കടന്ന് അവയെ അഭൗതികമായ മറ്റൊരു പ്രണയത്തിലേക്ക് ചേർത്തുപിടിച്ചു വായിക്കാം. ആ വാക്കുകളുടെ ഇതളുകൾക്കിടയിൽ, അനശ്വരനായ ഒരു പ്രണയിയെ കാത്തിരിക്കുന്ന ഒരുവളെ കാണാം. മരണമെന്ന ഒരൊറ്റ നൂൽപ്പാലത്തിനപ്പുറമിപ്പുറം ഒന്നിച്ചുചേരാൻ വെമ്പിനിൽക്കുന്ന പ്രണയവും പ്രണയനിയും. ഉപേക്ഷിക്കാതെ ചേർത്തുപിടിക്കും എന്ന് ഉറപ്പുള്ള ഒരേ ഒരു പ്രണയി. ഏത് പരിഹാസങ്ങൾക്കുമപ്പുറത്തേക്ക് യാഥാർത്ഥ്യമായി ഉണരുന്ന യഥാർത്ഥ സ്നേഹം.
ഇത്തരത്തിൽ ഒരേസമയം രണ്ട് ഭാവങ്ങൾ പടർത്തുന്ന മിസ്റ്റിക്ക് കവിതകളുടെ സമാഹാരമാണ് ബഹിയയുടെ റൂഹേ എന്ന ഈ കൃതി. അറബ് ലോകത്തിന്റെ പ്രണയകവിയായ ശിഹാബ് ഗാനേം അവതാരികയിൽ ഇങ്ങനെ കുറിക്കുന്നു:
“മലയാളത്തിൽ ആത്മീയാനുഭൂതിയോടെ ചെറുകവിതകൾ എഴുതുന്ന ഒരു കവയിത്രിയാണ് ബഹിയ. റൂഹേ… എന്ന അവരുടെ വളരെ ചെറിയ കവിതകളിൽ ചിലതിൻ്റെ ഇംഗ്ലീഷ് വിവർത്തനം ഞാൻ വായിച്ചു. പ്രസന്നമായ ഒരു അതീന്ദ്രിയ സ്പർശം ആ വരികളിലുണ്ട്. പ്രതീക്ഷാനിർഭരമായ രചനകൾ.”